ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കൊച്ചി മെട്രോ സ്റ്റേഷനിൽ ഇനി ഹോട്ടലും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനകത്ത് എട്ടു നിലകളിലായാണ് ഫോർ സ്റ്റാർ ഹോട്ടൽ ഉയരുക. ഇതിന് താത്പര്യപത്രം ഉടൻ വിളിക്കും. വിദേശ മെട്രോകളുടെ മാതൃക പിന്തുടർന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) ഹോട്ടൽ പദ്ധതി തയ്യാറാക്കിയത്. ഹോങ്കോങ് ഉൾപ്പെടെയുള്ള മെട്രോകൾ സ്റ്റേഷനുകളിൽ പ്രശസ്ത ഹോട്ടലുകൾക്ക് പ്രവർത്തിക്കാൻ സ്ഥലം നൽകിയിട്ടുണ്ട്. നടത്തിപ്പ് ചുമതലക്കാരെ ടെൻഡർ വഴിയാണ് കണ്ടെത്തുക. എട്ടുനിലകളിലായി ഹോട്ടലിന് അര ലക്ഷം ചതുരശ്രയടിയോളം സ്ഥലം കിട്ടും. ഇത് 35 വർഷത്തേക്കാണ് പാട്ടത്തിന് നൽകുക. പാട്ടത്തുകയുൾപ്പെടെയുള്ള വരുമാനം കെ.എം.ആർ.എല്ലിന് കിട്ടും. ഹോട്ടൽ മേഖലയിൽ മികവ് തെളിയിച്ചവരെയാണ് ഉദ്ദേശിക്കുന്നത്. ഇവർക്ക്സ്വന്തം താ്തപര്യങ്ങൾക്കനുസരിച്ച് ഹോട്ടൽ വികസിപ്പിക്കാം. ഭക്ഷണം, താമസം, കാർ പാർക്കിങ് എന്നിവയിൽ ചില നിർദേശങ്ങൾ കെ.എം.ആർ.എൽ. മുന്നോട്ടുവച്ചിട്ടുണ്ട്. ഭക്ഷണസൗകര്യത്തിനൊപ്പം കോൺഫറൻസ് ഹാളും നിർദേശങ്ങളിലുണ്ട്. സ്വിമ്മിങ് പൂൾ, ജിംനേഷ്യം, സ്പാ, വിൽപ്പനശാലകൾ എന്നിവയുമുണ്ടാകും. 150 കാറുകൾക്കെങ്കിലും പാർക്കിങ് സൗകര്യം ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ടിക്കറ്റിതര വരുമാനം ടിക്കറ്റ് വിൽപ്പനയ്ക്ക് പുറമേയുള്ള വരുമാനം ലക്ഷ്യമിട്ട് ഒട്ടേറെ കാര്യങ്ങൾ കൊച്ചി മെട്രോ നടപ്പാക്കുന്നുണ്ട്. പരസ്യമാണ് ഇതിൽ പ്രധാനം. മെട്രോയുടെ തൂണുകളിലും സ്റ്റേഷന് അകത്തും പുറത്തുമെല്ലാം പരസ്യങ്ങളുണ്ട്. സ്റ്റേഷനുകളിലെ സ്ഥലം വാണിജ്യാവശ്യത്തിന് നൽകിയിട്ടുണ്ട്. വാണിജ്യസ്ഥാപനങ്ങളെ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചതുവഴിയും വരുമാനം ലഭിക്കുന്നു. മെട്രോ സ്റ്റേഷനുകളിലെ സിനിമ, പരസ്യ ചിത്രീകരണങ്ങളും ഒരു വരുമാനമാർഗമാണ്. കാക്കനാട് 17 ഏക്കറിൽ മെട്രോസിറ്റിയും പരിഗണനയിലുണ്ട്. ഫ്ലാറ്റുകളും വ്യാപാരാവശ്യങ്ങൾക്കുള്ള വാണിജ്യസമുച്ചയവും ഉൾപ്പെടുന്നതാണ് മെട്രോ സിറ്റി.
↧