തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വിളമ്പിയത് തൂശനിലയിട്ട് കേരളീയ സദ്യ. സാമ്പാർ, അവിയൽ, പയറുതോരൻ, കാളൻ, പൈനാപ്പിൾ, പച്ചടി, രസം, തുടങ്ങി ഇരുപതോളം കറികളും നാലുകൂട്ടം പായസവുമടക്കം വിഭവസമൃദ്ധമായ സദ്യ രാഹുലിന് നന്നേ ഇഷ്ടപ്പെട്ടു. ബത്തേരിയിലെ ഹോട്ടൽ വിൽട്ടണിലാണ് ഭക്ഷണം തയ്യാറാക്കിയത്. അവിയലാണ് രാഹുലിന് ഏറെ ഇഷ്ടപ്പെട്ടത്. ചേരുവകളെ കുറിച്ച് ഭക്ഷണം വിളമ്പി നൽകിയ ഹോട്ടലുടമ അബ്ദുൾ സത്താറിൽ നിന്ന് ചോദിച്ചറിയാനും ഭക്ഷണമൊരുക്കിയതിന് അഭിനന്ദിക്കാനും രാഹുൽ മടികാട്ടിയില്ല. സദ്യശേഷം അടപ്രഥമനും ക്യാരറ്റ് പായസവും കഴിച്ചു. ഉത്തരേന്ത്യൻ ശൈലിയിൽ ചോറിനൊപ്പം ചപ്പാത്തി കഴിച്ചപ്പോൾ വയനാടൻ ചിക്കൻ ഫ്രൈയും മട്ടനും ചെമ്മീനുമെല്ലാം രുചിച്ചുനോക്കി. പൊതുസമ്മേളനവേദിക്ക് സമീപത്തെ സെയ്ന്റ് മേരീസ് കോളേജിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഉച്ചഭക്ഷണം ക്രമീകരിച്ചത്. എരിവ് കുറച്ചാണ് ഭക്ഷണം തയ്യാറാക്കിയത്. വിൽട്ടണിലെ ഷെഫ് അനീഷ് ബാലുശ്ശേരിയുടെ നേതൃത്വത്തിലായിരുന്നു പാചകം. ചൊവ്വാഴ്ച രാത്രി തന്നെ എസ്പിജിയിലെ രണ്ട് ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തിയിരുന്നു. രാവിലെ ആറുമണിയോടെയാണ് വിഭവങ്ങൾ തയ്യാറാക്കാൻ തുടങ്ങിയത്. നിരീക്ഷണത്തിനായി രണ്ട് ഫുഡ് ഇൻസ്പെക്ടർമാരും ഉണ്ടായിരുന്നു. പരിശോധനകൾക്ക് ശേഷമാണ് രാഹുലിനുള്ള ഭക്ഷണം വിതരണത്തിനായി എത്തിച്ചത്. യുഡിഎഫ് നേതാക്കൾ നല്കിയ പട്ടിക പ്രകാരം ബട്ടർ നാൻ, ചപ്പാത്തി, മട്ടൻ, പെപ്പർ റോസ്റ്റ്, അയക്കൂറ പൊരിച്ചത്, അൽഫാം, ജിഞ്ചർ ചിക്കൻ, ഗോൾഡൻ പ്രോൺസ്, വയനാടൻ ചിക്കൻ ഫ്രൈ തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിരുന്നു. Content Highlights: Rahul Gandhi, Kerala Sadhya, Wayanadan Chicken Fry
↧