Quantcast
Channel: food rss feed
Viewing all articles
Browse latest Browse all 4354

എതോപ്യയിലെ ഇഞ്ചേര നമ്മുടെ ദോശ; ഭക്ഷണ വിശേഷങ്ങളുമായി ലിയോണ

$
0
0
തൃശ്ശൂരിലെ പകൽ രാവിന് വഴിമാറിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ റോഡിൽനിന്ന് വാഹനങ്ങൾ നീണ്ട ഹോണുകൾ മുഴക്കുന്നുണ്ട്. വീട്ടിലേക്ക് തിരികെ കയറാൻ വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഓട്ടം. തൃശ്ശൂർ-ഷൊർണൂർ റോഡിലുള്ള മിന്റ് മലബാർ റെസ്റ്റോറന്റിലും അതിന്റെ അലയൊലികളുണ്ട്. ഭക്ഷണം പാഴ്സൽ മേടിക്കാനായും കഴിക്കാനുമായി ആളുകളുടെ തിരക്ക്. എങ്കിലും രണ്ടാംനില ശാന്തം. മിന്റ് മലബാറിലെ തിരക്കൊഴിഞ്ഞ കോർണറിൽ ഭക്ഷണത്തിനായി ലിയോണ ലിഷോയ് ഇരിക്കുന്നു. മായനദിയിലെ സമീറയായും മറഡോണയിലെ നാദിയയായും ആൻമരിയ കലിപ്പിലാണിൽ ഡോ. തെരേസ റോയിയായും തകർത്തഭിനയിച്ച ലിയോണ. ഷെയ്ൻ നിഗം ചിത്രം ഇഷ്കിലും ഫഹദ് ഫാസിൽ ചിത്രം അതിരനിലുമെല്ലാം നിറഞ്ഞുനിൽക്കുന്നുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ലിയോണ അത്ര മോശമല്ല. എന്നാൽ, ഒരു വ്യത്യാസമുണ്ട് സിനിമയിൽ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സെലക്ടീവായ പോലെ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലും സെലക്ടീവാണ് താരം. ഇഷ്ടപ്പെട്ടതെന്തോ അത് തേടിപ്പിടിച്ച് കഴിക്കും. അധികനേരമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. നിറപുഞ്ചിരിയോടെ ഒരാൾ മുന്നിലെത്തി. എന്തൂട്ടാ കഴിക്കേണ്ടത്... തനി നാടൻ തൃശ്ശൂർശൈലിയിൽ ഒരു ചോദ്യം മുന്നിലിട്ടു. ബിരിയാണിയുണ്ടോ? ലിയോണയുടെ മറുചോദ്യമെത്തി. കടായ് ബിരിയാണിയുണ്ട്. അതെടുത്താലോ? അതിന്റെ കൂടെ പഞ്ചാബി ചിക്കനും ചൈനീസ് ചോപ്സി ചിക്കനും ഓർഡർ ചെയ്തു. എതോപ്യയിലെ ഇഞ്ചേര നമ്മുടെ ദോശ പിന്നാലെ ലിയോണ തന്റെ ഭക്ഷണപ്രേമത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. യു.എ.ഇ., ശ്രീലങ്ക, മലേഷ്യ, എതോപ്യ നാലു രാജ്യങ്ങളിലും പോയിട്ടുണ്ട്. കുറച്ചുകാലം അവിടെ താമസിക്കുകയും ചെയ്തു. ഇതിൽ മൂന്നെണ്ണം ഏഷ്യൻ രാജ്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവിടെ എല്ലാം പരിചയമുള്ളതും. യു.എ.ഇ.യിൽവെച്ചായിരുന്നു ശരിക്കുമുള്ള മന്തിയുടെ രുചിയറിഞ്ഞത്. അന്നത് ആസ്വദിച്ച് കഴിക്കുകയും ചെയ്തു. മലേഷ്യയിലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നതായിരുന്നു. ശ്രീലങ്കയിൽവെച്ച് കുറേ മീൻവിഭവങ്ങൾ കഴിച്ചു. എല്ലാം ഒന്നിനൊന്ന് മെച്ചം. മറക്കാൻ പറ്റാത്തത് എതോപ്യയിലെ ഇഞ്ചേരയാണ്. നമ്മുടെ നാട്ടിലെ ദോശപോലെ തോന്നും. മടക്കിമടക്കി കുറേ വലുപ്പത്തിലുള്ള ഒരു ദോശ. സാമ്പാറും ചട്നിയും പോലെ അതിന് ചുറ്റും കുറേ സാധനങ്ങളുണ്ട്. കഴിക്കാൻ തുടങ്ങിയപ്പോഴല്ലേ രസം! മൊത്തം പുളി. തുടങ്ങിയ ആവേശമൊന്നും തോന്നിയില്ല തീർക്കാൻ. എങ്ങനെയൊക്കെയോ തീർത്തു. പറഞ്ഞ ആവേശം തീരുന്നതിന് മുൻപ് രണ്ട് മൺകുടങ്ങൾ മുന്നിലെത്തി. സംഭവം മറ്റൊന്നുമല്ല. നമ്മുടെ കടായി ബിരിയാണി. മൺകുടങ്ങളിലാക്കിയാണ് ഇവിടെ കടായി ബിരിയാണി വിളമ്പുന്നത്. നല്ല വൃത്തിയുള്ള കുടങ്ങളാണ്. കുടം തുറക്കും മുൻപേ ചോപ്സിയും പഞ്ചാബിയുമെത്തി. അമ്മയുടെ രുചി കുടം തുറക്കുന്നതിനിടയിൽ ലിയോണ വീണ്ടും സംസാരിച്ചുതുടങ്ങി. അമ്മയുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് എനിക്ക് മിസ്സ് ചെയ്യൽ. ഷൂട്ടിങ്ങിന്റെ ഷെഡ്യൂൾ നീളുന്നതിനനുസരിച്ച് അമ്മയുടെ ഭക്ഷണവും കഴിക്കാൻ തോന്നും. അമ്മയുടെ പരിപ്പ് കറിയാണ് ബെസ്റ്റ്. തേങ്ങ വറുത്തരച്ച് നല്ല പെരുമ്പാവൂർ സ്റ്റൈലിൽ ഉണ്ടാക്കിത്തരും. അതുപോലെ തന്നെ രസവും രസകരമാണ്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാൽ അമ്മയോട് ഇതുണ്ടാക്കി തരാനും പറയും. അപ്പോഴേക്കും കുടം തുറന്നതിന്റെ ബിരിയാണി മണം പരന്നിരുന്നു. ആവശ്യത്തിലധികമുണ്ട് ബിരിയാണിയുടെ അളവ്. എട്ട് ചെറിയ ബോൺലെസ് പീസുകളാണ് ഉള്ളിൽ. നല്ല ചൂടും. അന്വേഷിച്ചപ്പോൾ തന്തൂരി അടുപ്പിൽവെച്ചാണ് ബിരിയാണി ദം ചെയ്യുന്നതെന്ന് മനസിലായി ഇതാണ് അതിന്റെ ചൂടിന്റെയും രുചിയുടെ രഹസ്യം. തുറന്ന അതേ ആവേശത്തിൽ തന്നെ ലിയോണ കുറച്ച് ബിരിയാണി പ്ലേറ്റിലേക്ക് കമഴ്ത്തി. പിന്നാലെ രുചിച്ചും തുടങ്ങി. സംഭവം കിടുവാണെന്ന് എക്സ്പ്രഷനുണ്ട് മുഖത്ത്. അടിപൊളി എന്ന് കൈകൊണ്ട് ആക്ഷൻ കാണിച്ചു. ബിരിയാണി കിടുവാണ് ട്ടോ. ലിയോണയുടെ കമന്റെത്തി. മിന്റ് ഹോട്ടലിന്റെ ഉടമ നിഷാദിന്റെ മുഖത്തും സന്തോഷം. പഞ്ചാബി ചിക്കനും ചോപ്സി ചിക്കനും പ്ലേറ്റിലേക്ക് തട്ടിയിട്ട് ഓരോന്ന് രുചിച്ചുനോക്കി. പഞ്ചാബി സ്പൈസിയാണ്. ചിക്കന്റെ കുറച്ച് വലുപ്പമുള്ള പീസുകളാണ് ഇതിലുള്ളത്. ചോപ്സിയാണെങ്കിൽ ചെറിയ ചെറിയ പീസുകൾ. കാരറ്റും മഷ്റൂമും ഫ്രൈഡ് ന്യൂഡിൽസുമെല്ലാമുണ്ട്. കോഴിമുട്ടയും പൊട്ടിച്ചിട്ടിട്ടുണ്ട്. എല്ലാം ഇടയ്ക്കിടെ കഴിച്ച് ആസ്വദിക്കുന്നുണ്ട് ലിയോണ. ഷൂട്ടിങ്ങിനിടെയാണേൽ ഭക്ഷണം ചിലപ്പോൾ നിയന്ത്രിക്കാറുണ്ട്. എതുരീത ഞാൻ നായികയായിയെത്തുന്ന തെലുഗുചിത്രമാണ്. ലൊക്കേഷൻ വിശാഖപട്ടണത്തായിരുന്നു. ആ സമയം സ്വയം നിയന്ത്രിച്ചിരുന്നു. എന്നാൽ അവസാന ദിനമായപ്പോഴെക്കും എല്ലാ കൺട്രോളും പോയി, പൂതെരെകുലു എന്നൊരു മധുരം കഴിച്ചു. അയ്യോ...! പിന്നെ എത്രയെണ്ണം കഴിച്ചെന്ന് ഓർമയില്ല. അത്രയും അടിപൊളിയായിരുന്നു. ചിലപ്പോ ലൊക്കേഷനിലെ ഭക്ഷണവും നല്ല അടിപൊളിയാവാറുണ്ട്. പിന്നെ ഇനി മിന്റ് മലബാറിലെ കടായി ബിരിയാണിയും ഓർമയിൽ നിൽക്കും ട്ടോ ലിയോണ പറഞ്ഞവസാനിപ്പിച്ചു. പഞ്ചാബി ചിക്കൻ തന്തൂരി ചിക്കൻ ക്വാർട്ടർ യെല്ലോ ഗ്രേവി 2 ടേബിൾസ്പൂൺ കടായി മസാല ഒരുസ്പൂൺ കുരുമുളക് പൊടി ഒരുസ്പൂൺ ഉപ്പ് ആവശ്യത്തിന് തൈര് ഒരുസ്പൂൺ ചുവന്നമുളക് 4 എണ്ണം മസാലകൾ ആവശ്യത്തിന് കസൂരി ഒരു നുള്ള് യെല്ലോ ഗ്രേവിയിൽ തൈര്, കുരുമുളകുപൊടി, തക്കാളി, ഉപ്പ് എന്നിവ ചേർക്കുക. കസ്തൂരി മേത്തി, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ജീരകപ്പൊടി എന്നിവ നന്നായി ചട്ടിയിൽ ഡാൾഡയിൽ ചൂടാക്കുക. എന്നിട്ട് എല്ലാം മിക്സ് ചെയ്തെടുക്കുക. അതിനുശേഷം തന്തൂരി ചിക്കൻ കട്ട് ചെയ്ത് അതിൽ ഈ മസാല മിക്സ് ചെയ്ത് നന്നായി പാകപ്പെടുത്തിയെടുക്കുക. അമേരിക്കൻ ചോപ്സി ഫ്രൈഡ് നൂഡിൽസ് 250 ഗ്രാം ക്യാപ്സിക്കം 1 സവാള 1 കപ്പ് തക്കാളി 1 കപ്പ് കാരറ്റ് 1 കപ്പ് ബീൻസ് 1 കപ്പ് വെളുത്തുള്ളി അര കപ്പ് പച്ചമുളക് 5 എണ്ണം വൈറ്റ് കുരുമുളക് പൊടി കാൽസ്പൂൺ സ്ലൈസ്ഡ് ചിക്കൻ 250 ഗ്രാം വിനെഗർ 1 ടേബിൾ സ്പൂൺ സോയ സോസ് 1 ടേബിൾസ്പൂൺ ഉപ്പ് പാകത്തിന് ഓയിൽ 5 ടീസ്പൂൺ നൂഡിൽസ് അല്പനേരം വെള്ളത്തിലിട്ടുവെച്ച് വെള്ളം നല്ലപോലെ കുടഞ്ഞുകളഞ്ഞ് എടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് നൂഡിൽസ് ഇട്ട് ഫ്രൈ ചെയ്തെടുക്കുക. സോസുണ്ടാക്കാൻ ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണയൊഴിക്കുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, ക്യാപ്സിക്കം, കാരറ്റ്, സവാള, തക്കാളി എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് സോസുകളും വിനെഗറും കുരുമുളക് പൊടിയും ചേർത്തിളക്കുക. ഇത് ചൂടായിക്കഴിയുമ്പോൾ മാറ്റിവെക്കുക. സോസിലേക്ക് ഫ്രൈ ചെയ്തുവെച്ചിരിക്കുന്ന ചോപ്സി ഇട്ടിളക്കി കഴിക്കാം. കടായി ചിക്കൻ ബിരിയാണി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ആവശ്യത്തിന് അണ്ടിക്കണ്ണ് 20 ഗ്രാം തൈര് ആവശ്യത്തിന് മഞ്ഞൾപ്പൊടി 1 ടീസ്പൂൺ ഗരംമസാല ഒരുടീസ്പൂൺ കസൂരി മേത്തി 2 നുള്ള് എല്ലില്ലാത്ത ചിക്കൻ എട്ട് പീസ് ബസ്മതി റൈസ് 500 ഗ്രാം ഡാൾഡ/നെയ്യ് 2 ടീസ്പൂൺ അണ്ടിപ്പരിപ്പ്, മുന്തിരി 20 ഗ്രാം വീതം ആദ്യമായി ബിരിയാണിയുടെ മസാല തയ്യാറാക്കണം. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ മൂന്നും നന്നായി പേസ്റ്റ് രൂപത്തിലാക്കുക. തൈര്, മഞ്ഞൾപ്പൊടി, ഉപ്പ്, ഗ്രാസ് പെപ്പർ, കസൂരി മേത്തി എന്നിവ മിക്സ് ആക്കുക. പിന്നീട് ഇവ ഉരുളിയിൽ ഡാൾഡയിൽ മിക്സ് ചെയ്ത് വേവിക്കുക. ശേഷം നല്ലയിനം അണ്ടിക്കണ്ണ് ഒന്നരമണിക്കൂർ വെള്ളത്തിലിട്ട് വേവിക്കുക. അതിന്റെ അഴുക്ക് കളയാനാണ് അണ്ടിക്കണ്ണ് വേവിക്കുന്നത്. ഇതിനുശേഷം അണ്ടിക്കണ്ണ് ഗ്രൈൻഡറിലിട്ട് അരയ്ക്കുക. അരച്ചതിനുശേഷം മുകളിൽ പറഞ്ഞ മസാലയിൽ മിക്സ് ചെയ്യുക. ശേഷം അണ്ടിക്കണ്ണ് പേസ്റ്റും മസാലയും കുറച്ച് നേരം മിക്സ് ചെയ്യുക. ഇതോടെ മസാല റെഡി ഇനി ബസ്മതി റൈസ് ഒരു മണിക്കൂറോളം വെള്ളത്തിലിട്ട് വെക്കുക. പിന്നാലെ വേറെ വെള്ളം തിളപ്പിച്ച് അതിൽ ഓയിൽ, ഉപ്പ് എന്നിവ ചേർത്ത് ബസ്മതി റൈസ് അതിലിട്ട് പകുതി വേവിക്കുക. എന്നിട്ട് ഈ റൈസ് ഊറ്റിയെടുക്കുക. അതിന് ശേഷം ഏലക്കായ്, പട്ട, ഗ്രാമ്പു, നെയ്യിൽ ഗരം മസാല, ഉള്ളി, അണ്ടി, മുന്തിരി, നന്നായി ചേർത്തെടുക്കുക. ഇതിലേക്ക് റൈസ് ഇട്ട് വേവിക്കുക. ആവശ്യത്തിന് റോസ് വാട്ടറും ചേർക്കുക. ശേഷം ഈ റൈസും മുമ്പത്തെ മസാലയും മിക്സ് ചെയ്യുക. (സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്) പുതിയ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം Content Highlights: actress leona lishoy about food choices

Viewing all articles
Browse latest Browse all 4354

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>