പ്രളയക്കെടുതിയെ കേരളം ഒറ്റക്കെട്ടായി നേരിടുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം, വസ്ത്രം, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ എത്തിക്കാനായി അഹോരാത്രം പ്രവർത്തിക്കുന്നവർ ഏറെയാണ്. എന്നാൽ ആത്മാർഥമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ഇത്തരക്കാരെ കബളിപ്പിക്കുന്നവരും കുറവല്ല. സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വിഡിയോ ഇതിന് ഉദാഹരണമാണ്. ക്യാമ്പിലേക്കു ഭക്ഷണം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഫോൺകോൾ വ്യാജമാണെന്നു തിരിച്ചറിഞ്ഞതോടെ ഞെട്ടുകയായിരുന്നു ഈ യുവാക്കൾ. ഫേസ്ബുക്കിലെ കുറേ തൊഴിലാളികൾ ചെയ്യുന്ന ദ്രോഹത്തിന് കയ്യും കണക്കമില്ലെന്നു പറഞ്ഞാണ് യുവാവ് വിഡിയോ ആരംഭിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്ന യുവാക്കളാണ് വ്യാജമായ ഫോൺകോള് കാരണം കബളിപ്പിക്കപ്പെട്ടത്. ഒരു മണിതൊട്ട് മുഹമ്മ കാർമലിലേക്ക് ഫുഡ് വേണം എന്നു പറഞ്ഞ് ഒരു സ്ത്രീ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത് എത്തിച്ചത്. വെള്ളവും കറന്റുമില്ലാതിരുന്നതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് ഭക്ഷണം ഉണ്ടാക്കിയത്. എന്നാൽ പതിനൊന്നു മണിയോടെ സ്ഥലത്ത് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. രണ്ടു വലിയ പാത്രം ഭക്ഷണം മുഴുവൻ പാഴായിരിക്കുകയാണ്.-യുവാവ് പറയുന്നു. ക്യാമ്പിലുള്ളവരെ വിളിച്ച് വിവരത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയതിനു ശേഷം മാത്രം വേണം വിവരങ്ങൾ ഫോർവാഡ് ചെയ്യാൻ എന്നും ക്യാമ്പുകളിൽ ദുരിതം അനുഭവിക്കുന്നവർ വിളിച്ചു പറഞ്ഞാൽ മതിയെന്നും യുവാവ് പറയുന്നു. ഉറക്കം കളഞ്ഞാണ് തങ്ങളോരോരുത്തരും ഭക്ഷണം പാകം ചെയ്യുന്നത്, ചില ക്യാമ്പുകളിൽ ഭക്ഷണം അധികമായെത്തി പാഴാകുന്ന അവസ്ഥയുമുണ്ട്. ക്യാമ്പിലെ ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ച് അന്വേഷിച്ചതിനു ശേഷം മാത്രം ഇത്തരം വാർത്തകൾ ഷെയർ ചെയ്യണമെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു. Content Highlights: Food for Kerala Flood affected people
↧